Sunday, May 22, 2011

ഇന്ത്യ നന്നാവൂലേ ?


വിരോധം എന്ന വികാരം മാത്രം ഉള്ളവര്‍ ഇതു വായിക്കണ്ട.. പൊട്ടക്കിണറ്റിലെ തവളകളും വായിക്കണ്ട..
ഇനി വായിച്ചാലും എനിക്ക് കുഴപ്പം ഇല്ല,. കാരണം വിരോധം എന്ന വികാരം പരമാവധി ഒഴിവാക്കാന്‍ കഴിഞ്ഞു എന്നൊരു വിശ്വാസം ഇപ്പോള്‍ ഉണ്ട്..

രണ്ടു മാസത്തേക്ക് അമേരിക്കയില്‍ പോവാന്‍ ഒരു ചാന്‍സ് കിട്ടി..  രണ്ടു മാസം രണ്ടു കൊല്ലം പോലെ ജീവിച്ചു തിരിച്ചു വന്നു..  വലിയ സിറ്റി അല്ല, പക്കാ ഗ്രാമവും അല്ല രണ്ടിന്റെയും ഇടയ്ക്കുള്ള ഒരു സ്ഥലത്താണ് പോയത് -  ബോയ്സി.  അവിടുത്തെ മനുഷ്യരുടെ സംസ്കാരം കണ്ടിട്ട് ബഹുമാനം തോന്നുന്നു.. മനുഷ്യനെ മനുഷ്യനായി കാണുന്ന, പറ്റിക്കലും വഞ്ചനയും ഇല്ലാത്ത, ഉച്ച നീചത്വം ഇല്ലാത്ത,  കൈക്കൂലി ഇല്ലാത്ത, പോസിറ്റീവ് ആയ ഒരു ജീവിത രീതി..
എല്ലാ ജോലിക്കും ഡിഗ് നിറ്റി ഉണ്ട് .. പതിനേഴു വയസ്സായാല്‍ കുട്ടികള്‍ പിന്നെ സ്വന്തം അധ്വാനിച്ചു ജീവിക്കും.. കോളേജില്‍ പോകുന്നതിന്റെ കൂടെ പാര്‍ട്ട്‌ ടൈം ആയി എന്തെങ്കിലും ജൊലി.. രേസ്ടോരണ്ടില്‍ സപ്ലയര്‍ അല്ലെങ്കില്‍ ഷെഫ് , ബാറിലെ ബാര്‍ റെന്ടെര്‍ , മോട്ടലുകളില്‍ ഫ്രന്റ്‌ ഡസ്ക് അറ്റന്‍ഡ്ആര്‍, സൂപ്പര്‍ മാര്‍കെറ്റില്‍ അസിസ്റ്റന്റ്‌..  അങ്ങനെ എന്തെങ്കിലും .. ഇതൊക്കെ താഴ്ന്ന പണി അല്ലെ, അയ്യേ "ഞാന്‍" , ഈ മഹത്തായ ഞാന്‍ ഇതിനൊക്കെ പോവാമോ ? അല്ല ഇപ്പം പോയിട്ടെന്തിനാ, അച്ഛനോട് കാശ് ചോദിച്ചാല്‍ പോരെ ? ഇങ്ങനത്തെ ചോദ്യങ്ങള്‍ അവര്‍ക്കും ചോദിക്കാം.. പക്ഷെ എന്തു കൊണ്ട് ചോദിക്കുന്നില്ല ? അതാണ്‌ സംസ്കാരത്തിന്റെ പ്രായോഗികമായ പതിപ്പ് .  ചെറിയ ജോലിയും വലിയ ജോലിയും ഇല്ല .. ഒരു സമൂഹം, ഓരോരുത്തരും തങ്ങള്‍ക്ക് പറ്റുന്നത് ചെയ്ത് കാശുണ്ടാക്കി കിടിലം ആയി ജീവിക്കുന്നു.. ചെറിയവനും വലിയവനും ഇല്ല.  ഓരോ പൌരനും ശെരിക്കും ഒരു മാവേലി നാട്ടിലാണ് ജീവിക്കുന്നത്. ലൈംഗിക ദാരിദ്ര്യം ഇല്ലാത്തത് കൂടെ വച്ച് നോക്കിയാല്‍ മാവേലി നാടിനെക്കാള്‍ ഒരു പടി മുന്നില്‍ തന്നെ, കാരണം  മാവേലി നാട് കവിതകളില്‍  സെക്സിനെ പറ്റി ഒന്നും പറഞ്ഞു കാണുന്നില്ല .. അവിടുത്തെ ഭാഗ്യവാന്മാര്‍!. ഞാന്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ ഫ്രണ്ട് ഡസ്ക് നോക്കിയിരുന്നത് കുറെ കോളേജ് കുട്ടികള്‍ ആയിരുന്നു.. പേരിനു വേറെ കുറച്ചു ആള്‍ക്കാരും.. വൈകീട്ട് ഫ്രീ ആയി ബിയറും വയിനും സ്നാക്സും ഇവരൊക്കെ കൂടിയാണ് തരുന്നത്... ഒരു കോമണ്‍ സ്ഥലത്ത് കുറെ മേശയും കസേരയും ഇടും.. മേശ തുടയ്ക്കുന്നതും സ്നാക്സ് കൊണ്ട് തരുന്നതും ഒക്കെ ഈ (കോളേജ് കുട്ടി) സ്റ്റാഫും മാനെജേരും കൂടിയാണ്..  അത് ചെയ്യുന്നതില്‍ യാതൊരു കുറച്ചിലും അവര്‍ക്കോ കണ്ടു നിക്കുന്നവര്‍ക്കോ തോന്നില്ല .. അവര്‍ അവരുടെ ജൊലി ചെയ്യുന്നു, അത്ര മാത്രം. മേശ തുടയ്ക്കാന്‍ വരുന്നവരുടെ മെക്കിട്ടു കേറാനുള്ള ഒരു ഇന്ത്യന്‍ വാസന അവിടെ വന്ന ചില ഇന്ത്യക്കാരുടെ അടുത്ത കണ്ടു..  അതൊരു മൌലിക അവകാശം പോലെ ആണ് ! ഇന്ന ഒരു സാധനം കൊണ്ട് തരാമോ എന്ന് സായിപ്പ് ചോദിക്കുന്നതിലും യെവന്മാര്‍ ചോദിക്കുന്നതിലും അജഗജാന്തരം ഉണ്ടായിരുന്നു.. ആദ്യതെതില്‍ പരസ്പര ബഹുമാനം സ്ഫുടം ആണെങ്ങില്‍ രണ്ടാമതെതില്‍ ഒരു തരം ആജ്ഞാ സ്വരം മാത്രം ആണ് ഉണ്ടായിരുന്നത്.. പ്ലീസ്‌ എന്ന വാക്ക് ഒരു ഇന്ത്യന്‍ തൊണ്ടയിലൂടെ പുറത്ത് വരാന്‍ വല്യ കഷ്ടം തന്നെ .. "എനിക്ക് ബിസ്കറ്റ് കിട്ടിയാല്‍ കൊള്ളാം ആയിരുന്നു" എന്ന് പറയുന്നതും  "പോയി എനിക്കൊരു ബിസ്കറ്റ് കൊണ്ടുത്താ" എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം.. മോശം പറയരുതല്ലോ  അവിടെ വന്ന ചില ഇന്ത്യക്കാര്‍ ആദ്യത്തെ പതിപ്പ് ഉപയോഗിക്കുന്നതും കണ്ടു .. ഞാനും തുടക്കത്തിലേ ആ കൂട്ടത്തില്‍ ആവാന്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടായിരുന്നു..
"We can blame, or we can introspect.. unfortunately the former is the easier choice..
Its all about which side you are! I feel this choice is the building block of everything including prosperity of a nation.."
കുറച്ചു ദിവസം മുന്നേ ഇങ്ങനെ ഒരു ഗൂഗിള്‍ ബസ്സ്‌ ഇട്ടിട്ടുണ്ടായിരുന്നു .. സത്യം പറഞ്ഞാല്‍ അതിന്റെ നിരത്തി പരത്തി ഉള്ള ഒരു എഴുത്താണ് ഈ എഴുതുന്നത്..  

അവിടുത്തെ കോളേജ് കുട്ടി സ്റ്റാഫിലെ രണ്ടു സുന്ദരിക്കുട്ടികളെ പരിചയപ്പെട്ടു ,, 
വിറ്റ്നീ പിന്നെ  നതാഷ. ഇംഗ്ലീഷ് ഇന്റെ കാര്യത്തില്‍ അവിടെ വന്ന ഇന്ത്യക്കാരില്‍ ഞാന്‍ തമ്മില്‍ ഭേദം തൊമ്മന്‍ ആയിട്ട് കൂടി  എന്റെ കടും ഇന്ത്യന്‍ ആക്സെന്റ് ഇംഗ്ലീഷ് അവര്‍ക്ക് പകുതിയേ മനസിലാവുമായിരുന്നുള്ളൂ. ബാക്കി ആംഗ്യഭാഷ. പഞ്ചാര ഇറക്കാനുള്ള എന്റെ പ്ലാന്‍ ഒക്കെ എട്ടു നിലയില്‍ പൊട്ടി.. അവിടുത്തെ "മുട്ടുന്ന" രീതി ഒരു പിടിയും കിട്ടുന്നില്ല :) ഇവിടുത്തെ സ്ഥിരം ഡയലോഗ് ഒക്കെ ഇറക്കിയാല്‍ കിട്ടുന്നത് ഒരേ ഉത്തരം - "താങ്ക് യൂ !!" പിന്നെ ചിറി ചെവിയില്‍ തൊടീക്കുന്ന ഒരു കഥകളി ചിരിയും. 
അവരോടു സംസാരിച്ചാണ് കുറെ കാര്യങ്ങള്‍ അറിഞ്ഞത്. കോളേജില്‍ പഠിക്കുന്ന ഒരു വിധം എല്ലാവര്കും എന്തെങ്കിലും പാര്‍ട്ട്‌ ടൈം ജൊലി ഉണ്ട്, വീട്ടില്‍ നല്ല സാമ്പത്തികവും ഉണ്ട്! പക്ഷെ  ആരും വീട്ടില്‍ നില്‍ക്കാറില്ല .. ബോയ്‌ ഫ്രണ്ട് അല്ലെങ്കില്‍ ഗേള്‍ ഫ്രണ്ടിന്റെ കൂടെ "കോ-ലിവിംഗ്" ആണ് പൊതുവേ ഉള്ള രീതി.. കാറില്ലാത്തവര്‍ കുറവാണ്. കാര്‍ ഉള്ളവരും സൈക്കിള്‍ നല്ലോണം ഉപയോഗിക്കും.
പിന്നെ വീല്‍ ഉള്ള ഷൂസ് , സ്കെയ്തിംഗ് ബോര്‍ഡ്‌ അങ്ങനെ പല സാധനങ്ങളും ഉണ്ട് ചെറിയ ദൂരം പോവാന്‍ വേണ്ടി. കോളേജിന്റെ കൂടെ സ്കൂളിംഗ് എന്നൊരു  പരിപാടി ഉണ്ട്, അവിടുത്തെ പ്രൈമറി സ്കൂളില്‍ ക്ലാസ്സ്‌ എടുക്കല്‍. അതും കാശ് കിട്ടുന്ന പണി തന്നെ. പതിനേഴു വയസ്സ് കഴിഞ്ഞാല്‍ സ്വന്തം ആയി ജീവിക്കാത്തവരെ സമൂഹം ഒരു പരാജയം ആയിട്ട് കാണും.. എവിടെ ചെന്നാലും വലിയ വില ഒന്നും കിട്ടില്ല. കൂടെ ജീവിക്കാന്‍ ഒരാളെ തീര്‍ത്തും കിട്ടില്ല. കോളേജില്‍ പോവാത്തവര്‍ എന്തെങ്കിലും ബിസിനസ്‌, ആര്‍ട്സ് , സ്പോര്‍ട്സ് ഒക്കെ ആയി ജീവിക്കും. അതിലും യാതൊരു കുറച്ചിലോ മറിച്ചോ ഒന്നും ഇല്ല.


ഹോട്ടലില്‍ രാവിലെ മൂന്ന് മണിക്കൂര്‍  ഷെഫ് ജോലിക്ക് വന്നിരുന്ന ഒരാള്‍ ഒരു കോളേജില്‍ റിസേര്‍ച് സ്റ്റുഡാന്റ്റ്‌ ആയിരുന്നു എന്ന് കുറെ ദിവസം കഴിഞ്ഞാണ് അറിഞ്ഞത്. ഒരു സ്കൂളില്‍ പാര്‍ട്ട്‌ ടൈം ജോലിയും ഉണ്ടായിരുന്നു. ബാക്കി വരുന്ന കാശ് കൊണ്ട് ഗേള്‍ ഫ്രെണ്ടിനെയും കൂട്ടി റോക്ക് ക്ലയ്മ്ബിംഗ്, റാഫ്‌ടിംഗ്, അങ്ങനത്തെ സ്പോര്‍ട്സിനു പോവും. എല്ലാവരോടും നന്നായി സംസാരിക്കുന്ന അങ്ങേരെ ഒരു ചുളിഞ്ഞ മുഖവും ആയി ആരും ഒരിക്കലും കണ്ടിട്ടില്ല .. ഇങ്ങനെ ഒരു ജന്മം ഇന്ത്യയില്‍ മരുന്നിനു പോലും ഉണ്ടാവാന്‍ സാധ്യത ഇല്ല . ഉണ്ടാവാന്‍ ഇപ്പോഴത്തെ സമൂഹം സമ്മതിക്കില്ല എന്നതാണ് സത്യം എന്ന് തോന്നുന്നു. 


അമേരിക്കന്‍ ലൈഫ് സ്റ്റൈല്‍ കാണിച്ചു തരാന്‍ വേണ്ടി അവിടുത്തെ മാനജെര്‍ മൊത്തം ടീമിനെയും ഞങ്ങള്‍ കുറച്ചു ഇന്ത്യക്കാരെയും കൂട്ടി ഡിന്നര്‍ ഇന് പോയി. ടീമിലുള്ള ഒരാളുടെ ഗേള്‍ ഫ്രെണ്ടും വന്നിട്ടുണ്ടായിരുന്നു.. ഫക്ക് എന്നൊരു വാക്ക് പറയുന്നതില്‍ ആര്‍ക്കും യാതൊരു പിശുക്കും ഇല്ല .. അത് അവിടത്തെ വല്യ തെറിയും അല്ല. പുല്ല്, കോപ്പ്, പണ്ടാരം എന്നൊക്കെ പറയുന്ന ഒരു കടുപ്പമേ അതിനുള്ളൂ.  അവരുടെ പൊതു വിവരം കൊണ്ട് ഇന്ത്യയെ കുറിച്ച്  അറിഞ്ഞതൊക്കെ പല ചോദ്യങ്ങളായി വന്നു. പൊതു സ്ഥലത്ത് കിസ്സ്‌ ചെയ്യാന്‍ പറ്റുഓ, കല്യാണം കഴിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലേ, എന്താണ് ശെരിക്കും ഈ arranged മാര്യേജ് അങ്ങനെ പലതും.  ആര്‍ഷ ഭാരത ബ്ല ബ്ല പറഞ്ഞു ഒന്നും ന്യായീകരിക്കാന്‍ ആരും പോയില്ല . ഒരു കൂടുകാരന്‍ പറഞ്ഞത് ആണ് കിടിലം ആയതു,  ഇന്ത്യയില്‍ സെക്സ് ഇനെ കുറിച്ച സംസാരിക്കുന്നത് പോലും മിക്കവര്‍ക്കും അയിത്തം ആണ്.. പക്ഷെ ഈ  നൂറു കോടി ആള്‍ക്കാര്‍ ഉണ്ടായത് ഭഗവാന്‍ കനിഞ്ഞതോ മാജിക് നടന്നതോ ഒന്നും അല്ലല്ലോ ..    ഇവിടുത്തെ കപട സദാചാരം എന്നൊരു വിഷയം ഇപ്പം തുറക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ട് ആ ദിവസത്തെ ബാകി സംസാരം അങ്ങ് ഒഴിവാക്കട്ടെ.

പോലീസുക്കാര്‍ക്ക്‌ കൈക്കൂലി കൊടുക്കുന്നത് ഇന്ത്യയില്‍ ഒരു കാര്യമേ അല്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവിടെ ഉള്ളവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം.. അവിടെ കൈക്കൂലി കൊടുക്കാന്‍ നോക്കിയാല്‍ അകത്താവും.. കൈക്കൂലി വാങ്ങിയാല്‍ ജൊലി പോവും, ചിലപ്പം അകത്തും ആവും.. അന്‍പത്തി രണ്ടു വയസ്സുള്ള ഒരു സുഹൃത്തിനെ കിട്ടി. ചെറിയ രീതിയില്‍ ഒരു ഗിട്ടാരിസ്ടായ പേരക്കുട്ടികളെ കളിപ്പിച്ചു നടക്കുന്ന കൂള്‍ ആയ ഒരു മനുഷ്യന്‍,. അങ്ങേരു ജീവിതത്തില്‍ ഇതു വരെ കൈക്കൂലി കൊടുത്തിട്ടില്ല, കൊടുക്കേണ്ടി വന്നിട്ടും ഇല്ല.. നമ്മുടെ നാട്ടില്‍ എത്ര പേര്‍ക്ക് ഇതു പറയാനാവും ?

രാവിലെ പുറത്തിറങ്ങിയാല്‍ കാണുന്നവരൊക്കെ ഹായ്,  ഹലോ , ഗുഡ് മോര്‍ണിംഗ് , ഹാവ് എ നൈസ് ഡേ .. ഇങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടേ പോവൂ.. പരിചയം ഉണ്ടെങ്ങിലും ഇല്ലെങ്കിലും.. ആ ദിവസം മുഴുവന്‍ ഓടാനുള്ള ചാര്‍ജ് ഈ ഒരു വാക്കിലും  ചിരിയിലും കിട്ടും..  ഇവിടെ ആരെങ്ങിലും ഇങ്ങനെ ചെയ്‌താല്‍ വട്ടന്‍, കള്ളന്‍, അങ്ങനെ എന്തെങ്കിലും ഒരു ലേബല്‍  കിട്ടും..
സത്യം പറഞ്ഞാല്‍ ഹായ് (hi ), ഹലോ (hello) , ബൈ (bye)  എന്നീ വാക്കുകള്‍ക്ക് തത്തുല്യമായ വാക്കുകള്‍ ഒരു ഇന്ത്യന്‍ ഭാഷയിലും ഉള്ളതായിട്ട് അറിവില്ല.. "ഹേ അര്‍ജുനാ " എന്ന് പണ്ട് കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട് എന്ന് വേണെങ്കില്‍ വാദിക്കാം.. :)  ഒരാളെ ഗ്രീറ്റ് ചെയ്യുക എന്നൊന്ന്‍ നമ്മുടെ നിഘണ്ടുവിലെ ഇല്ലാണ്ടായിപ്പോയി.. മാഷ്‌ ക്ലാസ്സില്‍ വരുമ്പോള്‍ എണീറ്റ്‌ നിന്ന് നമസ്കാരം എന്ന് യാന്ത്രികമായി പറഞ്ഞത് ഓര്‍മയുണ്ടാവും പലര്‍ക്കും.. ഇതേ നമസ്കാരം ജീവിതത്തില്‍ എത്ര പേരോട് പറഞ്ഞിട്ടുണ്ട് ? അതൊരു കളിയാക്കലായിട്ടെ മിക്കവാറും കാണൂ..

അവിടെ ആരും പറ്റിക്കണം എന്നൊരു വിചാരവുമായി നടക്കുന്നില്ല. എവിടെയും പോയി എന്തും വാങ്ങാം, എന്തു സ്പോര്‍ട്സും ചെയ്യാം. ക്വാളിറ്റി എന്നൊരു സംഗതി ഇത്രയ്ക് കിടിലം ആയി ഞാന്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. എന്തിലും ഏതിലും ഒരു വല്ലാത്ത പേര്‍ഫെക്ഷാന്‍. (മലയാളം ഫോണ്ടില്‍ perfection  എന്ന് എഴുതാന്‍ പറ്റുന്നില്ല , സോറി ) ഒരു സ്വിച്ച് ഇട്ടാല്‍ ലൈറ്റ് കത്തും, കത്തിയിരിക്കും , ടാപ്പ് തിരിച്ചാല്‍ വെള്ളം വരും, വന്നിരിക്കും , ടാപ്പ്‌ അടച്ചാല്‍ പിന്നെ വെള്ളം കിണ് കിണ ഉറ്റ്ഇല്ല, ഒറപ്പ് .. ഇങ്ങനത്തെ ചെറിയ കാര്യങ്ങളില്‍ തുടങ്ങി അവിടുത്തെ ട്രാഫിക്‌ സിസ്റ്റം വരെ എടുത്തു നോക്കിയാല്‍ ഒടുക്കത്തെ perfection കാണാം. ഒരു സാധനം വാങ്ങിയിട്ടും പട്ടിക്കപ്പെട്ടു എന്നൊരു തോന്നല്‍ ആര്‍ക്കും  ഉണ്ടാവില്ല .. അതാണ്‌ നിലവാരം.

അവിടുത്തെ ഡിസിപ്ലിന്‍ ഉള്ള ട്രാഫിക്‌ കണ്ടിട്ട് കൊതി ആവുന്നു.. ഇന്ത്യയിലെ റോഡുകളില്‍ ഒരു തരം കാടന്‍ വ്യവസ്ഥ ആണ്.. അല്ലെന്നു പറഞ്ഞാല്‍ ഞാന്‍ കലിപ്പാവും :)   എങ്ങനെ നിയമം തെറ്റിക്കാം എന്നതില്‍ നമ്മളെ കഴിഞ്ഞേ ലോകത്തില്‍ ആരും ഉള്ളൂ.. എങ്ങനെ നിയമം പാലിക്കാം എന്നതില്‍ അമേരിക്കകാര്‍ എന്നും മുന്നില്‍ തന്നെ. റോഡില്‍ പോലിസ് ഉണ്ടെങ്ങിലും ഇല്ലെങ്കിലും ആരും ഓവര്‍ സ്പീഡ് പോവില്ല, സിഗ്നല്‍ ചാടില്ല .  റോഡ്‌ മുറിച്ചു കടക്കുന്നവര്‍ക്ക് വേണ്ടി എല്ലാ വണ്ടിയും കാക്കും.

ഹമ്പ്  എന്നൊരു പ്രാകൃത സാധനം എവിടെയും കാണാന്‍ ഇല്ല. നമ്മുടെ ആള്‍കാരുടെ റോഡിലെ നാറിയ  മനോഭാവത്തിന്റെ ജീവിക്കുന്ന തെളിവാണ് നമ്മുടെ റോഡിലെ ഹമ്പുകള്‍. സ്പീഡ് ലിമിറ്റ് എഴുതി വച്ചാല്‍ സായിപ്പിന് അത് മനസിലാവും, പാലിക്കുകയും ചെയ്യും .. പക്ഷെ ഇന്ത്യക്കാരന് ഇന്ത്യയില്‍ അത് പോര. നിറയെ ഹമ്പ്, ഓരോ സിഗ്നലിലും പോലിസ് , എന്നാലും ഇതിന്റെ ഒക്കെ ഇടയില്‍ ഓവര്‍ സ്പീഡ് ഓടിക്കുന്ന കുറെ പൂണ്ട മിടുക്കന്മാരും.
എഴുതി വച്ച സ്പീഡ് ലിമിറ്റ് പാലിക്കുന്ന ഒരു നിലവാരത്തിലേക് നമ്മുടെ ആള്‍കാര്‍ വളരുന്നതിന്റെ യാതൊരു ലക്ഷണവും കാണാന്‍ ഇല്ല. ഇവിടെ പത്തു നൂറു കോടി എണ്ണം ഉണ്ടല്ലോ, തട്ടിപോയാലും ആര്ക് ചേതം എന്നൊരു വിചാരം ആണോ, അല്ല ഇനി വേറെ എന്തെങ്കിലും ആണോ.. എന്തു കോപ്പായാലും ഇന്ത്യന്‍ റോഡ്സ് തനി കാടത്തരം തന്നെ .. അത് ഇവിടുത്തെ റോഡിനു വീതി പോരാത്തത് കൊണ്ടാ എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ.. അമേരിക്കയില്‍ റോഡ്‌ ഒക്കെ ദേവേന്ദ്രന്‍ വന്നു ഉണ്ടാക്കി കൊടുത്തത് അല്ല.. നല്ല പ്ലാനിംഗ് , ക്വാളിറ്റി ഉള്ള നിര്‍മാണം, മൈന്റെനന്‍സ്, കുഴിക്കാതിരിക്കല്‍, വൃത്തികെട് ആക്കാതിരിക്കല്‍ - ഇതിന്റെ ഒക്കെ ആകെ തുക ആണ് അവിടുത്തെ റോഡ്‌.. ഇതില്‍ ഒരു കാര്യം പോലും നമുക്ക് ചെയ്യാന്‍ പറ്റാത്തതായി ഇല്ല .. എന്നാല്ലോ, ഒന്നും ചെയ്യുകേം ഇല്ല .. ആ ഇതൊക്കെ ഇങ്ങനെ ഇരിക്കും.. എവിടെ നന്നാവാന്‍.. - എന്ന് പറയുന്നതിലും കാര്യം ഉണ്ട് .. ഇന്നത്തെ പോക്ക് വെച്ച് നോക്കിയാല്‍ നന്നാവാന്‍ വല്ല അത്ഭുതവും സംഭവിക്കണം.

അവിടുത്തെ സ്ട്രീട്സ് ഒക്കെ മുടിഞ്ഞ വൃത്തി.. ആരും തുപ്പിയും മുള്ളിയും ***യും വൃത്തികെട് ആക്കില്ല .. dustbin  നോക്കിപോയി ചവര്‍ അതിലിടുന്ന ആള്‍ക്കാര്‍. വളര്‍ത്തു പട്ടി റോഡില്‍ കാഷ്ടിച്ചാല്‍  കാഠം വാരി ഇടാന്‍ പ്രത്യേക ബോക്സ്‌ ഉണ്ട്. വാരി ഇടേണ്ടത് നിയമപരമായ കടമയാണ്, എല്ലാ പട്ടി ഉടമകളും അത് ചെയ്യുവേം ചെയ്യും. അലഞ്ഞു നടക്കുന്ന ഒരൊറ്റ പട്ടിയെ കാണാന്‍ ഇല്ല. ടെലിഫോണ്‍ കേബിള്‍ ഇടാനുള്ള കുഴിക്കല്‍ എവിടെയും കാണാന്‍ ഇല്ല, അതിനൊക്കെ പണ്ടേ നല്ല പ്ലാനിംഗ് നടന്നിട്ടുണ്ട്. കുഴിക്കാതെ കേബിള്‍ കടത്തി വിടാനുള്ള സെറ്റപ്പ് പൈപ്പ് ഒക്കെ ആദ്യമേ ഫിറ്റ്‌ ചെയ്തിട്ടുണ്ട്. ഒരു കടക്കാരും റോഡിലേക്ക് കട നീട്ടില്ല. പോടീ എന്ന് പറഞ്ഞ സാധനം എവിടയൂം ഇല്ല, കാരണം പോടീ വരാന്‍ ചാന്‍സ് ഉള്ള സ്ഥലത്ത് ഒക്കെ പുല്ല് നട്ടു വെച്ചിരിക്കും. മരത്തിന്റെ ചോട്ടിലോക്കെ ഒരു തരം വേസ്റ്റ് മരപ്പാളികള്‍ ഇട്ടു വയ്ക്കും. ടൌണ്‍ നിറയെ മരങ്ങള്‍ ഉണ്ടാവും.
അവിടുത്തെ ഏറ്റവും മോശേപ്പെട്ട എന്ന് പറയപ്പെടുന്ന റോഡ്‌ ബാങ്കലൂരിലെ ഏറ്റവും നല്ല റോഡിനെക്കള്‍ എത്രയോ ഭേദം ആണ്.. എന്താ ബാങ്കലൂരില്‍ കാശ് ഇല്ലാഞ്ഞിട്ടാ ? ഇന്ത്യയില്‍ ഒരു സിറ്റി എങ്കിലും മോഡല്‍ സിറ്റി ആയി ഉണ്ടാക്കികൂടെ ? എവിടെ ? ആര് ? എന്തിനു ?

അവിടുത്തെ മനുഷ്യര്‍ക്ക്‌ അങ്ങനെ കിടിലം ആയി ജീവിക്കാം എങ്കില്‍ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ ?

അയ്യോ അത് പറ്റില്ല ! ഇന്ത്യ ഒരു വികസ്വര രാഷ്ട്രം ആണ് , അമേരിക്ക വികസിത രാഷ്ട്രം ആണ്,, ഇന്ത്യയില്‍ ജനസംഖ്യ വളരെ കൂടുതല്‍ ആണ്..
അവര്‍ക്ക് സമ്പത്ത് ഇഷ്ടം പോലെ ഉണ്ട് .. ഇറാക്കിലും അഫ്ഗാനിസ്താന്‍ ഇലും പോയി ബോംബ്‌ ഇട്ടു ഉണ്ടാക്കിയ സമ്പത്തല്ലേ, അവര്‍ക്ക് എന്തും കാണിക്കാം.. അമേരിക്കക്കാര്‍ ചെറ്റകള്‍ ആണ് .. സാമ്രാജ്യത്വ ഫാസിസ ഭീകരന്മാര്‍ ! മുതലാളിത കുത്തക ഭീമന്മാര്‍. കാശുള്ളത് ഒന്നുകൊണ്ട് മാത്രം ആണ് അവിടെ ഇങ്ങനെ ഒക്കെ ഉണ്ടാക്കി വെച്ചിരിക്കുന്നത്.. അവര്‍ക്ക് മനുഷ്യത്വം ഇല്ല, ക്രൂരന്മാര്‍ ആണ്,.. കുന്തം , കൊടച്ചക്ക്രം .. ഈ കോപ്പിലെ പല്ലവി നിര്‍ത്താന്‍ സമയം ആയി. സ്വന്തം കണ്ണിലെ കമ്പ് എടുത്തിട്ട് പോരെ ഓന്റെ കണ്ണിലെ കരട് എടുക്കല്‍ ? ഇനിയും വിശ്വാസം വരുന്നില്ലെങ്ങില്‍ ഇങ്ങനെ ചിന്തിച്ചു നോക്കൂ.. ഇന്ത്യക്കാരെ മുഴുവന്‍ അമേരിക്കയിലും അമേരിക്കക്കാരെ മുഴുവന്‍ ഇന്ത്യയിലും മാറ്റി പാര്‍പ്പിക്കുന്ന ഒരു പദ്ധതി.. അവിടുത്തെ സമ്പത്ത് , സ്ഥലം, ആകാശം, .. മുഴുവന്‍ നമുക്ക് കിട്ടും. അവര്‍ക്ക് ഇവിടുത്തെയും.. ഇനി ഒരു രണ്ടു കൊല്ലം കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ ? നിക്ഷ്പക്ഷമായി ഒന്ന് ചിന്തിച്ചു നോക്ക്.. അമേരിക്ക എന്ന സ്ഥലം  കുട്ടിച്ച്ചോര്‍ ആവുന്നതല്ലാതെ  എനിക്ക് ഒന്നും സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല.
ക്ഷേമവും കഷ്ടവും എല്ലാം ജനങ്ങളുടെ attitude ആണ് തീരുമാനിക്കുന്നത്. അടുത്ത കോമഡി, attitude  എന്ന വാക്കിനു പൂര്‍ണ തുല്യമായ ഒരു മലയാളം വാക്ക് ഇല്ല എന്ന് തോന്നുന്നു.. :) ഉണ്ടെങ്കില്‍ അറിയിക്കണം, ഞാന്‍ കുറെ കാലം ആയി തപ്പി നടക്കുന്നു.  ഭാവം എന്ന വാക്ക് ഒരു 90 % മാത്രമേ ആവുന്നുള്ളൂ.


രാഷ്ട്രീയക്കാര്‍ ആകാശത്ത് നിന്നും പൊട്ടി മുളച്ചതല്ലല്ലോ. അവര്‍ ഈ സമൂഹത്തിന്റെ മൊത്തം കാച്ചി കുറുക്കിയ സത്താണ്, reflection ആണ്.  നാട്ടിലെ പ്രശ്നങ്ങള്‍ക്ക് നാട്ടുകാര്‍ രാഷ്ട്രീയക്കാരെ കുറ്റം പറയും. അവരോ, ഇടതു വലതിനെ കുറ്റം പറയും, വലതു ഇടതിനെ കുറ്റം പറയും, രണ്ടും ചേര്‍ന്ന് നടുവിലുല്ലതിനെ കുറ്റം പറയും.. നടുവിലുള്ളത് പിന്നെ കുറ്റം കൂടാതെ വേറെ എന്തൊക്കെയോ പറയും.. മൊത്തത്തില്‍ ഒരു കുറ്റപ്പൂജ.
സ്വന്തം കഴിവുകേടും തോന്നിവാസവും നാറിതരവും ഒക്കെ  ബാകി ഉള്ളവരെ കുറ്റം പറഞ്ഞും കടിച്ചാല്‍ പൊട്ടാത്ത ഇസങ്ങള്‍ പറഞ്ഞും ന്യായീകരിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ മനസ്ഥിതി മാറിയാലേ ഇന്ത്യ നന്നാവൂ .. ടയലോഗ് പോര, ആക്ഷന്‍ വേണം ..   കുട്ടപെടുത്തലും എതിര്‍ക്കലും വളരെ എളുപ്പമാണ്..  നിര്‍ഭാഗ്യവശാല്‍ ഈ രണ്ടു കാര്യങ്ങളെ ഇന്ത്യയില്‍ നടക്കുന്നുള്ളൂ. സൃഷ്ടിപരം ആയ ക്രിയാത്മകം ആയ ഒരു സമൂഹം ഉണ്ടാക്കി എടുക്കാന്‍ ശ്രമിച്ചാലേ പ്രതീക്ഷയ്ക് എന്തെകിലും വക ഉള്ളൂ..
ഞങ്ങള്‍ അതിനു എതിരാണ്, ഇതിനു എതിരാണ് എന്ന് മാത്രം വള വളാന്ന് പ്രസംഗിക്കുന്ന നമ്മുടെ നാട്ടിലെ കോമരങ്ങളോട് ഒന്നേ പറയാനുള്ളൂ, വെറുതെ ഉള്ള സ്വൈര്യം കൂടി കളയാതെ,  പോടാ പുല്ലേ  :)





വാലറ്റം ..
അമേരിക്കയുടെ വിദേശനയം ഞാന്‍ ഒരിക്കലും ന്യായീകരിക്കുന്നില്ല.. ഒരു യുദ്ധവും ന്യായീകരിക്കുന്നില്ല.
ഇവിടുത്തെ വിഷയവും അതല്ല.